ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും മിഥാലി രാജ് വിരമിച്ചു

ഡൽഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ് ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021 വനിതാ ഏകദിന ലോകകപ്പില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തുക ലക്ഷ്യമിട്ടാണ് ട്വന്റി-20 കരിയര്‍ അവസാനിപ്പിക്കാനുള്ള മിഥാലി രാജിന്റെ തീരുമാനം. നിലവില്‍ ഇന്ത്യന്‍ വനിതാ ഏകദിന ടീമിന്റെ നായികയാണ് മിഥാലി.

2006 -ലാണ് ട്വന്റി-20 ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചത്. 13 വര്‍ഷം നീണ്ട കരിയറില്‍ 89 ട്വന്റി-20 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 2,364 റണ്‍സും മിഥാലി സ്വന്തം പേരില്‍ കുറിച്ചു. ട്വന്റി-20 ചരിത്രത്തില്‍ ഒരിന്ത്യന്‍ വനിതാ താരം നേടിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. ബാറ്റിങ് ശരാശരി 37.52 റണ്‍സ്. 2006 -ല്‍ ഇന്ത്യ കളിച്ച പ്രഥമ ട്വന്റി-20 മത്സരത്തിലെ നായികയായിരുന്നു മിഥാലി. ശേഷം തുടര്‍ച്ചയായ 32 മത്സരങ്ങളില്‍ ഇന്ത്യന്‍ സംഘത്തെ മിഥാലി രാജ് നയിച്ചിട്ടുണ്ട്.

മിഥാലിയുടെ നേതൃത്വത്തിലാണ് മൂന്നു ട്വന്റി-20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുത്തത്. ഇനി 2021 ഏകദിന ലോകകപ്പാണ് താരത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് ഉയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് മിഥാലി രാജ് ഇന്നറിയിച്ചു. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ട്വന്റി-20 മത്സരങ്ങളില്‍ നിന്നും പൂര്‍ണമായി അകന്നാല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ — മിഥാലി രാജ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന് തൊട്ടുമുന്‍പേയാണ് ട്വന്റി-20 മത്സരങ്ങളില്‍ നിന്നും മിഥാലി രാജ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-20 മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് പിടിഐക്കു ഒരാഴ്ച്ച മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരുന്നു.