ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിട്ടുമാറാത്ത പരുക്കുകളെ തുടര്‍ന്നാണ് കരിയറിന് തിരശ്ശീലയിടാനുള്ള മെന്‍ഡിസിന്റെ തീരുമാനം. ക്രിക്കറ്റില്‍ ക്യാരം ബോളിന്റെ ഉപജ്ഞാതാവാണ് മെന്‍ഡിസ്. 2008 -ല്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മെന്‍ഡിസ്, ക്യാരം ബോള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു മെന്‍ഡിസിന്റെ ആദ്യ ഇര. ഇതേ മത്സരത്തില്‍ 132 റണ്‍സിന് എട്ടു വിക്കറ്റുകള്‍ വീഴ്ത്തി മെന്‍സിഡിസ് രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ശ്രീലങ്കന്‍ താരം കുറിച്ചിട്ടുള്ള ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇപ്പോഴും അജന്ത മെന്‍ഡിസിന്റെ പേരിലാണ്.

കരിയറില്‍ ഇതുവരെ 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ട്വന്റി-20 മത്സരങ്ങളും മെന്‍ഡിസ് കളിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ നടന്ന 2008 ഏഷ്യാ കപ്പ് ഫൈനലില്‍ അജന്ത മെന്‍ഡിസായിരുന്നു കളിയിലെ താരം. വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, യുവരാജ് സിങ് ഉള്‍പ്പെടുന്ന പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കിയാണ് മെന്‍ഡീസ് അന്ന് തിളങ്ങിയത്. ശ്രീലങ്കയെ ഏഷ്യാ കപ്പ് കിരീടത്തിലേക്ക് നയിച്ചതില്‍ മെന്‍ഡിസിന്റെ പ്രകടനം നിര്‍ണായകമായി. നൂറു റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. മത്സരത്തില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് മെന്‍ഡിസ് നേടിയത്.

ഏകദിനത്തില്‍ അതിവേഗം 50 വിക്കറ്റുകള്‍ പിന്നിട്ട താരമെന്ന ഖ്യാതിയും മെന്‍ഡിസിനുണ്ട്. 2012 ട്വന്റി-20 ലോകകപ്പില്‍ എട്ടു റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തിയതും താരത്തിന്റെ കരിയറിലെ അവിസ്മരണീയ നിമിഷമാണ്. ചെറുതെങ്കിലും മികച്ചതെന്നാണ് മെന്‍ഡിസിന്റെ കരിയറിനെ ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് വിശേഷിപ്പിച്ചത്. 288 വിക്കറ്റുകളോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മെന്‍ഡിസിന്റെ മടക്കം.