ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ; കരുതലോടെ ഇന്ത്യ

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോർട്ട്. ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂർ സ്ഥിരീകരിച്ചതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘ഗസ്‍‍നാവി’ എന്ന ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പാക്കിസ്ഥാന്‍ വിക്ഷേപിച്ചതെന്നും കറാച്ചിക്കു സമീപം സോന്‍മിയാനിയില്‍ നിന്നും ഇന്ന് പുലർച്ചെയാണ് പരീക്ഷണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രതലത്തിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. പരീക്ഷണത്തിന് തൊട്ടുപിന്നാലെ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ഉള്‍പ്പടയുള്ളവര്‍ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി വൈമാനികര്‍ക്കും നാവികര്‍ക്കും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ പാക് കമാൻഡോകൾ നഴഞ്ഞുകയറിയേക്കാമെന്ന രഹസ്യ വിവരത്തെ തുടർന്ന് ഗുജറാത്ത് തീരമേഖല കേന്ദ്രീകരിച്ച് കനത്ത ജാഗ്രതാ നിർദേശം തുടരുകയാണ്. ഇന്ത്യയുമായി ഒക്ടോബറില്ലോ നവംബറിലോ യുദ്ധം നടന്നേക്കാമെന്ന് കഴിഞ്ഞ ദിവസം പാക് റെയില്‍വേ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിസൈൽ പരീക്ഷണം പോലുള്ള സംഭവ വികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്. പാക് നീക്കങ്ങളെ കരുതലോടെ വീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.