രാജ്യം വിടാനുള്ള തുഷാറിന്റെ നീക്കത്തിന് തിരിച്ചടി; യു.എ.ഇ പൗരന്റെ പാസ്പോർട്ട് സ്വീകാര്യമല്ലെന്ന് കോടതി

ദുബായ്: ബിസിനസ് ഇടപാടിനായി വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപള്ളിക്ക് തൽക്കാലം യു.എ.ഇ വിടാൻ കഴിയില്ല. ജാമ്യത്തിനായി നൽകിയ സ്വന്തം പാസ്പോർട്ട് തിരികെ വാങ്ങി പകരം യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിക്ക് സമർപ്പിക്കാൻ നടത്തിയ നീക്കം ഫലം കണ്ടില്ല. തുഷാറിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കഴിയുന്നതുവരെ തുഷാറിന് യു.എ.ഇ വിടാൻ കഴിയില്ല.

താൽക്കാലികമായി ആള്‍ജാമ്യമെടുത്ത് രാജ്യം വിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ തിരിച്ചു വരുമോയെന്ന സംശയം കോടതി ഉന്നയിച്ചു. മാത്രമല്ല അഥവാ തിരിച്ചു വന്നില്ലെങ്കിൽ കേസിന്‍റെ എല്ലാ ബാധ്യതകളും ഏല്‍ക്കാന്‍ ജാമ്യം നിൽക്കുന്ന സ്വദേശിക്ക് കഴിവുണ്ടോയെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതുരണ്ടും മതിയായ രേഖകളിലൂടെ ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിയാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ തുഷാറിന്‍റെ അപേക്ഷ തള്ളിയത്.

കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്കായി സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം. അതേസമയം പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള ആറുകോടി രൂപ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് വിവരം. എന്നാൽ ചോദിച്ച പണം നൽകാനാകില്ലെന്ന് തുഷാറും നിലപാടെടുത്തു. ഇതാണ് അനുരഞ്ജന ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. രണ്ട് ദിവസം കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും.

അതേസമയം തുഷാറിന്റെ കേസിൽ ഇനി ഇടപെടില്ലെന്നും ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ ഉണ്ടായ ബന്ധമെന്നും വ്യവസായി യൂസഫലി വ്യക്തമാക്കി.
യു.എ.ഇ-യിലെ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ മറ്റൊരു തരത്തിലും കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമം നിയമത്തിൻറെ വഴിക്ക് മാത്രമേ പോകൂ എന്നും യൂസഫലിയുടെ ഓഫീസ് വിശദീകരിച്ചു.