ഒക്ടോബറിലോ നവംബറിലോ ഇന്ത്യയുമായി യുദ്ധമുണ്ടായേക്കും; മൂന്നറിയിപ്പുമായി പാക് മന്ത്രി

ഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യതയെന്ന്‌ പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.

ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാകിസ്താന്‍ റെയില്‍വേ മന്ത്രി പ്രസ്താവന നടത്തിയത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗോളതലത്തിൽ പാകിസ്താൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലുകൾക്ക് പിന്നാലെയുള്ള പാക്‌ പ്രകോപനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള വ്യോമപാത പൂര്‍ണമായും അടച്ച് അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യാപാരം നിര്‍ത്തുമെന്നും പാക് മന്ത്രി ഫവാദ് ചൗധരിയും വ്യക്തമാക്കിയിരുന്നു.

അതിനിടെ, കറാച്ചിക്കടുത്ത് മിസൈൽ പരീക്ഷണം നടത്താൻ പാകിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.