ചെക്ക് മോഷ്ടിച്ചതെന്ന് തുഷാർ; പരാതിപ്പെടാത്തതെന്തെന്ന് കോടതി? കേസ് നടപടികൾ തുടരും

അജ്മാന്‍: ബിസിനസ് സംബന്ധമായ ഇടപാടിൽ കരാറുകാരന് വണ്ടിചെക്ക് നൽകിയെന്ന പാരാതിയിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദങ്ങൾ ദുർബലമാകുന്നു. തെളിവായി കോടതിയിൽ ഹാജരാക്കിയ ചെക്ക് പരാതിക്കാരൻ മോഷ്ടിച്ചതാണെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദം പ്രോസിക്യൂഷൻ മുഖവിലക്കെടുത്തില്ല. ചെക്ക് മോഷ്ടിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് അന്നേരം പരാതി നല്‍കാതിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചു. പ്രോസിക്യൂഷന്റെ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ തുഷാറിന് കഴിഞ്ഞില്ല. ചെക്ക് മോഷണം പോയതിനുള്ള പരാതി നൽകാത്ത സാഹചര്യത്തില്‍ ആ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ സമവായത്തിലൂടെ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമവും പരാജയപ്പെട്ടു. അജ്മാന്‍ കോടതി ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴായിരുന്നു തന്റെ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന നിലപാട് തുഷാര്‍ ആവർത്തിച്ചത്. അതുകൊണ്ടുതന്നെ പരാതിക്കാരനായ നാസില്‍ ചെക്കിൽ ആവശ്യപ്പെട്ടിരിക്കുന്ന തുക അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് തുഷാര്‍ അറിയിച്ചു. അതേസമയം തുഷാര്‍ നൽകാമെന്ന് പറയുന്ന തുകയിൽ ഒത്തുതീര്‍പ്പിന് കഴിയില്ലെന്നും കേസുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്ന് പരാതിക്കാരനും  വ്യക്തമാക്കി.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ നാസില്‍ അബ്ദുല്ലയോട് ഇന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ചെക്ക് നമ്പര്‍ രേഖപ്പെടുത്തിയ കരാര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നാസില്‍ അബ്ദുല്ല ഇന്ന് കോടതിയിൽ ഹാജരാക്കി. രണ്ടുദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

അതേസയം തുഷാറിന്റെ ജാമ്യകാലവധി അവസാനിക്കാൻ 20 ദിവസങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സമയ പരിധിക്കുള്ളിൽ ഒത്തുതീര്‍പ്പ് നടന്നില്ലെങ്കില്‍ കേസ് വിചാരണയിലേക്ക് നീങ്ങും. തുടർന്ന് കോടതി ശിക്ഷ വിധിയിലേക്ക് കടക്കും. വലിയ തുക ആയതിനാൽ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാമെന്നും തുടര്‍ന്ന് സിവില്‍ കേസ് നേരിടേണ്ടി വരുമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ തുഷാറിന് രാജ്യം വിടാൻ കഴിയില്ല. അതേസമയം അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിച്ച് ജാമ്യമായി യു.എ.ഇ സ്വദേശിയുടെ പാസ്‍പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് തുഷാർ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതായും വിവരമുണ്ട്. അങ്ങനെയെങ്കിൽ കോടതി പിന്നീട് കേസ് പരിഗണിക്കുമ്പോള്‍ തുഷാറിന് ഹാജരായാല്‍ മതിയാവും.