കശ്മീർ ഉഭയകക്ഷി പ്രശ്നം: മറ്റൊരു രാജ്യത്തിൻ്റെ ഇടപെടൽ വേണ്ടെന്ന് പ്രധാനമന്ത്രി

പാരീസ്: ജി7 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച്ച നടത്തി. കശ്മീര്‍ വിഷയമാണ് പ്രധാനമായും ചര്‍ച്ചയായത്. കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ വേണ്ടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ മറ്റൊരു രാജ്യത്തിന് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണ്. ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും മോദി ട്രംപിനോട് പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണെന്നും മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്‍മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്‍റെ പ്രതികരണം.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥനാകാമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നും കൂടിക്കാഴ്ച്ചക്കിടെ ട്രംപ് പിന്നാക്കം പോയതായും സൂചനയുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ച് നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.