പ്രധാനമന്ത്രിയെ വരവേറ്റ് യു.എ.ഇ; ഇന്ത്യയുടെ ‘റുപേ കാർഡ്’ അവതരണം ഇന്ന്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം യു.എ.ഇ-യിലെത്തി. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം യു.എ.ഇ-യിൽ എത്തിയത്. കഴിഞ്ഞ 5 വർഷത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ യു.എ.ഇ സന്ദർശനമാണിത്. ആദ്യ സന്ദർശനം 2015 ഫെബ്രുവരിയിലും രണ്ടാമത്തെ സന്ദർശനം 2018 ആഗസ്റ്റ് മാസത്തിലുമായിരുന്നു. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്കും സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ സംബന്ധിച്ച് കിരീടവകാശി ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും.

ഇന്ന് യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി സംബന്ധിക്കും. രാവിലെ പത്ത് മണിക്ക് അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ ‘റുപേ കാര്‍ഡ്’ പ്രധാനമന്ത്രി അവതരിപ്പിക്കും. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന വ്യാപാര ഇടപാടുകള്‍ക്ക് ഉൾപ്പെടെ ഉപയോഗിക്കാവുന്നതാണ് റൂപേ കാര്‍ഡ്. ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ചടങ്ങില്‍ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇ-യിലെ മെർക്കുറി പേയ്‌മെന്റ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കും.

സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ നിലവിലുള്ളത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ അതിവസിക്കുന്ന യു.എ.ഇ-യിൽ ആദ്യമായാണ് റുപേ കാർഡ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ റുപേ കാർഡ് നിലവിൽ വരുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യം എന്ന വിശേഷണം യു.എ.ഇക്ക് സ്വന്തമാകും. ഡിജിറ്റൽ പെയ്‌മെന്റുകൾ, വ്യാപാരം, ടൂറിസം എന്നിവയിൽ ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് റുപെ കാര്‍ഡ് അവതരിപ്പിക്കുന്നത്. വിസ, മാസ്ട്രോ തുടങ്ങിയ കാർഡുകൾക്ക് പകരം ഉപയോഗിക്കാവുന്ന ‘റുപേ’ യു.എ.ഇ-യിലെ പി.ഒ.എസ് ടെർമിനലുകളിലും ഔട്ട്‌ലെറ്റുകളിലും ഇടപാട് നടത്താം. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ തുടങ്ങിയ ഡെബിറ്റ് കാർഡുകളേക്കാൾ റുപേയുടെ സർവീസ് നിരക്ക് കുറവായിരിക്കും.

തുടർന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും. സായിദ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഈ ചടങ്ങിനോടനുബന്ധിച്ച് നടക്കും.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ള ഭരണാധികാരികൾ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം പ്രത്യേക വിരുന്നു സൽക്കാരവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്രതിരിക്കും. അവിടെ സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.