ഉന്നതർ ഇടപെട്ട് ജാമ്യത്തുക കെട്ടിവച്ചു; തുഷാർ വെള്ളാപ്പള്ളിക്ക് ഉപാധികളോടെ ജാമ്യം

ദുബായ്: വണ്ടിച്ചെക്ക് കേസിൽ കഴിഞ്ഞ ദിവസം അജ്മാൻ പോലീസ് അറസ്റ്റ് ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്നാണ് തുഷാറിന്  ജാമ്യം ലഭിച്ചത്. യു.എ.ഇ-യിലെ ബസിനസ് അധിപനായ ലുലു ചെയർമാൻ എം.എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി മോചിതനായത്. വ്യവസ്ഥകളോടെയാണ് കോടതി തുഷാറിന് ജാമ്യം നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ രാജ്യം വിട്ട് പോകാൻ തുഷാര്‍ വെള്ളാപ്പള്ളിക്ക് കഴിയില്ല. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചുവച്ചതായും വിവരമുണ്ട്. അതേസമയം പ്രശ്നം നിയമപരമായി നേരിടാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം. കേസിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു. കേസിൽ നിയമപരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ-യിലെ അജ്മാൻ പോലീസ് ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ​ത്ത് വ​ർ​ഷങ്ങൾക്ക് മു​മ്പ് ബിസിനസ് പങ്കാളിയായ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. ഒരു കോടി യു.​എ​.ഇ ദി​ർ​ഹം ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യു​ടെ​ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ർ പി​ടി​യി​ലാ​യ​ത്. ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന പേ​രി​ൽ അ​ജ്മാ​നി​ലേ​ക്ക് തു​ഷാ​റി​നെ വി​ളി​ച്ചു വ​രു​ത്തി തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുഷാർ സജീവമായി രാഷ്ട്രീയ രംഗത്തേക്ക് വരുന്നതിന് മുമ്പുള്ള കാലത്തായിരുന്നു ബിസിനസ് ഇടപാട്. ബിസിനസിൽ നഷ്ടം സംഭവിച്ച് നാട്ടിലെത്തിയ തുഷാര്‍ പിന്നീടാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. ഇതിനിടെ നിരവധി തവണ മധ്യസ്ഥ ചർച്ചയിലൂടെ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യഥാസമയം ഉറപ്പ് പാലിച്ചിരുന്നില്ല.