വിവാദങ്ങൾ കെട്ടടങ്ങി; 131.21 കോടി രൂപ വൈദ്യുതി ബോർഡ് കൈമാറി

തിരുവനന്തപു: കെ.എസ്.ഇ.ബി-യുമായി ബന്ധപ്പെട്ട സാലറി ചലഞ്ച് വിവാദം കെട്ടടങ്ങി. ആക്ഷേപം കത്തി നിൽക്കെ ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും പിരിച്ച തുക കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്നു പത്തു മാസങ്ങളായി പിരിച്ചെടുത്ത 131.26 കോടി രൂപയുടെ ചെക്ക് മന്ത്രി എം.എം.മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആദ്യ പ്രളയവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത തുക ഒരുവർഷത്തിന് ശേഷവും സർക്കാരിലേക്ക് നൽകാതിരുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് ചൂടേറിയ ചർച്ചയ്ക്ക് വിധേയമായത്.

അതേസമയം 2018 ഓഗസ്റ്റ് 21-ന്  50 കോടി രൂപയുടെ ചെക്ക് കെ.എസ്.ഇ.ബി ദിരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇതിന് പുറമേയാണ് പുറമേയാണ് ഇപ്പോൾ നൽകിയിരിക്കുന്ന 131.26 കോടി രൂപ. ഇതോടെ ദുരിതാസ്വാസവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ഇതുവരെ നൽകിയത് 181.26 കോടി രൂപയാണ്. ഇതില്‍ 35 കോടി ബോര്‍ഡിന്റെ വിഹിതവും ഒരു കോടി രൂപ കേരള പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ വിഹിതവും ആണ്.145.26 കോടിയാണ് ജീവനക്കാരിൽ നിന്നും പെന്‍ഷന്‍കാരിൽ നിന്നും സ്വരൂപിച്ചത്. 10 മാസം കൊണ്ടു പിരിച്ചെടുത്ത തുക ഒരുമിച്ചു നല്‍കാമെന്നു തീരുമാനിച്ചതു കൊണ്ടാണ് തുക നൽകാൻ വൈകിയതെന്നു മന്ത്രി എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു.