ഐ.എന്‍.എക്‌സ് മീഡിയ അഴിമതി: പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

ഡൽഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന സി.ബി.ഐ-യുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആവശ്യം കോടതി അംഗീകരിച്ചു. നടന്നത് വലിയൊരു സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതിനെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടണമെന്നും കോടതി വാക്കാൽ പരാമർശിച്ചു. പ്രതിസ്ഥാനത്തുള്ള ആൾ അന്വേഷണവുമായി സഹകരിക്കാന്‍ തയാറിട്ടില്ലെന്നും ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഏജന്‍സികളുടെ കൈകള്‍ ബന്ധിക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റ് തടയുന്നതിനായി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് ചിദംബരത്തിനു വേണ്ടി കോൺഗ്രസ് നേതാവുകൂടിയായ അഡ്വ: കപില്‍ സിബല്‍ റജിസ്ട്രാറെ കണ്ടു. യു.പി.എ സർക്കാർ അധികാരത്തിലിരുന്ന സമയം പി. ചിദംബരം ധനമന്ത്രി ആയിരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ ചിതംബരം മന്ത്രിപദം ദുരുപയോഗം ചെയ്ത് അനധികൃതമായി ഇടപെട്ടുവെന്നാണ് കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ഈ ഇടപാടിൽ പങ്കുണ്ടെന്ന് കാട്ടി സി.ബി.ഐ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഘട്ടത്തിൽ കാര്‍ത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടിയോളം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടിയിരുന്നു.