മഞ്ജു വാര്യരും സംഘവും സുരക്ഷിതർ; മണാലിയിലേക്ക് പുറപ്പെട്ടുവെന്ന് വി. മുരളീധരൻ്റെ ഓഫീസ്

ഹിമാചൽപ്രദേശ്: ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും  സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ രക്ഷപ്പെടുത്തി. ഇവർ മണാലിയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ഓഫീസ് അറിയിച്ചു. കുടുങ്ങിക്കിടന്ന സിനിമാസംഘത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ രക്ഷപ്പെടുത്തിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഷൂട്ടിംഗിനെത്തിയ സംഘം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് കുടുങ്ങിക്കിടന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര ചെയ്യാനാകാത്ത സാഹചര്യവുമുണ്ടായിരുന്നു. ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേര്‍ നിലവില്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്ന ലാഹുല്‍ സ്പിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെകെ സോറോച്ച് പറഞ്ഞിരുന്നു.

സിനിമാചിത്രീകരണത്തിനായി  പോയ മഞ്ജു വാരിയരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും  സംഘവുമാണ് ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയിരുന്നത്. ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. മൂന്നാഴ്ചമുമ്പ് ഷൂട്ടിങ്ങിനായി പോയ മഞ്ജു സഹോദരന്‍ മധു വാരിയരെ തിങ്കളാഴ്ച സാറ്റലൈറ്റ് ഫോണില്‍ വിളിച്ചാണ് ദുരിതാവസ്ഥ അറിയിച്ചത്.