സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ഡൽഹി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫെയ്സ്ബുക്കിന്‍റെ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

ഭീകരവാദപ്രവർത്തനങ്ങൾക്ക് ലൈംഗീക ചൂഷണത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാൻ സാധിക്കുമെന്നുമാണ് വാദം. കേസ് സെപ്റ്റംബർ 13ന് കോടതി വീണ്ടും പരിഗണിക്കും.

എന്നാൽ, മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. ഹർജികൾ മാറ്റരുതെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടൻ വരാനിരിക്കുകയാണ്. ഭീകരതയും വ്യാജ പ്രചാരണവും തടയാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് സംവിധാനമില്ലെന്നും അത് തുടരാനാകില്ലെന്നും എ.ജി വ്യക്‌തമാക്കി.