ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും; സഹായം അഭ്യർത്ഥിച്ച് ഫോൺ സന്ദേശം

ഹിമാചൽ പ്രദേശ്: ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഇവിടെ എത്തിയത്. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയുള്ള ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു.  ശക്തമായ പ്രളയക്കെടുതിയിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്ന് സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ നേരിട്ട് വിളിച്ച് മഞ്ജു വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രക്ഷപ്പെടുത്തണമെന്ന സഹായം അഭ്യർത്ഥിച്ചാണ് മഞ്ജു മധുവാര്യരെ ഫോൺ വിളിച്ചത്. ഷൂട്ടിംഗ് സംഘത്തിലുള്ളവർക്ക് രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്ന് മഞ്ജു അറിയിച്ചതായി മധുവാര്യർ പറഞ്ഞു. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഷൂട്ടിംഗ് ആവശ്യത്തിനായി ഇവിടെയുണ്ട്. പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് തൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്. സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ ഒരു സംഘത്തെ കഴിഞ്ഞ ദിവസം സുരക്ഷിതരായി മണാലിയിൽ എത്തിച്ചു.

അതേസമയം ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കര കവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 12 പേരാണ് ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പഞ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി ദുരിതം നേരിടുകയാണ്.