കാബൂളിലെ ചാവേർ സ്ഫോടനം: മരണം 63 ആയി; 182 പേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണം 63 ആയി. ശനിയാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 182 പേര്‍ക്ക് ഗുരുതരപരിക്കേറ്റെന്നുമാണ് പുറത്തുവരുന്ന വിവരം. ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. 1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു.

വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിവാഹച്ചടങ്ങ് നടന്നിരുന്ന ഹാളിലെ പുരുഷന്മാര്‍ക്കായി ക്രമീകരിച്ചിരുന്ന റിസപ്ഷന്‍ സ്ഥലത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നവംബറില്‍ കാബൂളില്‍ സമാനമായ രീതിയില്‍ വെഡ്ഡിംഗ് ഹാളില്‍ നടന്ന സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. അന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു.