മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 94 ആയി; കവളപ്പാറയിൽ 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട്: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 94 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇതോടെ കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ 23 പേരില്‍ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. ഇനി കവളപ്പാറയിൽ നിന്ന് മാത്രം 36 പേരെയാണ് കണ്ടെത്താനുള്ളത്.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്.

അതേസമയം, മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് റെഡ് അലർട്ട്. പതിനേഴാം തീയതിവരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതീവ ജാഗ്രതാ നിര്‍ദ്ദേശം നിലവിലില്ലാത്ത ഒരു ദിവസം കടന്നുപോയതിന് പിറകെയാണ് മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതി തീവ്രമഴക്ക് സാധ്യതയുള്ളത്.  24 മണിക്കൂറിനുള്ളില്‍ 20 സെന്‍റി മീറ്ററില്‍കൂടുതല്‍മഴ ലഭിക്കാനുള്ള സാധ്യതയെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. മഴ കനക്കുമെന്നുള്ളതിനാൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.