‘ഹിന്ദു പാകിസ്ഥാൻ പരാമർശം’; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

കൊല്‍ക്കത്ത: തിരുവനന്തപുരം എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. പൊതുവേദിയിൽ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തിയെന്ന കേസിൽ കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2018- ജൂലായിൽ തിരുവനന്തപുരത്ത് നടന്ന പൊതുവേദിയിലാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

2019-ലെ ലോക്സസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി അധികാരത്തില്‍ വന്നാൽ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കി മാറ്റുമെന്നുമായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. അത്തരത്തിൽ എഴുതപ്പെടുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ ഊന്നിനിൽക്കുന്നതും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ  പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അന്ന് അതൃപ്തി അറിയിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതൃത്വം അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു എങ്കിലും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാപ്പ് പറയാൻ തയ്യാറല്ലെന്നുമായിരുന്നു തരൂരിന്റെ നിലപാട്. തരൂർ നടത്തിയ വിവാദ പ്രസ്താവന ഇന്ത്യ മഹാരാജ്യത്തെ അപമാനിക്കുന്നതും മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുമിത് ചൗധരിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.