കനത്ത മഴയ്ക്ക് സാധ്യത: ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ (14) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.

വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തൂടരുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാലുമാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നാളെ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

വയനാട് ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. അതേസമയം, ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.