പ്രളയബാധിതർക്ക് മൂന്ന് മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കും: മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. നിലവിൽ സംസ്ഥാനത്ത്‌  ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരണം 89 ആയി.  ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൃശ്ശൂരില്‍ പാടശേഖരത്തില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയയാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടര ലക്ഷത്തിലധികം പേരാണ് കഴിയുന്നത്.