ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് തുരത്തി വൃദ്ധ ദമ്പതികൾ; വീഡിയോ വൈറൽ

തിരുനെൽവേലി: ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തോല്‍പ്പിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഷണ്‍മുഖവേൽ, ഭാര്യ സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ടു നേരിട്ട വീര ദമ്പതികൾ. തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.

ഞായറാഴ്ചയാണ് രാത്രിയാണ് സംഭവമുണ്ടായത്. ഒമ്പതു മണിയോടെ ഷണ്‍മുഖവേൽ വീടിന്റെ പോർച്ചിൽ ഇരിക്കുമ്പോൾ മുഖംമൂടി ധരിച്ച്, കയ്യിൽ വടിവാളുമായി രണ്ടു പേർ പുറകിൽ കൂടി കയറി വന്ന മോഷ്ടാക്കളിലൊരാൾ 70കാരനായ ഷണ്‍മുഖവേലിനെ കഴുത്തില്‍ കയറ് മുറുക്കി ബന്ധിച്ചു. സംഭവം കണ്ട ഭാര്യ സെന്താമര ചെരുപ്പ് കൊണ്ട് കള്ളന്‍മാരെ പ്രതിരോധിച്ചു. സെന്താമരയുടെ പ്രതിരോധത്തില്‍ ഷണ്‍മുഖവേലിന്മേലുള്ള പിടുത്തം അയഞ്ഞു. പിന്നീട് ഇരുവരും ചേർന്ന് കസേര ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടാൻ തുടങ്ങി. മോഷ്ടാക്കൾ തിരിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഗത്യന്തരമില്ലാതെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

മോഷ്ടാക്കളെ നേരിട്ടെങ്കിലും സെന്താമരയുടെ  33 ഗ്രാം തൂക്കമുള്ള മാല അവർ പിടിപറിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സെന്താമരയുടെ വലത് കൈയ്ക്ക് പരുക്കേറ്റെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.