കശ്മീർ നിയന്ത്രണങ്ങളിൽ ഇടപെടൽ ഉടനില്ല; സർക്കാരിന് സമയം നൽകാമെന്ന് സുപ്രീംകോടതി

ഡൽഹി: ജമ്മുകശ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കശ്മീരിലെ നിലവിലെ സാഹചര്യം എത്രകാലം തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട്  ചോദിച്ചു. കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് എജി നൽകിയ മറുപടി. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

രാഷ്ട്രീയ നിരീക്ഷകൻ തെഹ്‌സീന്‍ പൂനവാല സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അരുൺ മിശ്ര, എം ആർ ഷാ, അജയ് റസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. വാർത്താവിനിമയ സംവിധാനങ്ങൾക്ക് മേലുള്ള സമ്പൂർണ്ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്കൂളുകളും, ആശുപത്രികളും, പൊലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആശയവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഉടനെ ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാരിന് അല്‍പ്പം സയമം അനുവദിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും  സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ഉറപ്പ് നൽകി.

അതേസമയം, കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.