ശ്രീറാമിൻ്റെ ജാമ്യം റദ്ദാക്കില്ല; സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: മദ്യലഹരിയിൽ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‍ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.

ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും രക്തപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നും മനഃപൂര്‍വമുളള നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ തുടക്കത്തിലെ  വീഴ്ചപറ്റിയെന്ന് കോടതി വിമർശിച്ചിരുന്നു. ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്നും കേസ് നടപടികൾ തുടരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാണ് ശ്രീറാം അപകടം ഉണ്ടാക്കിയതെന്നും നരഹത്യ കുറ്റം നിലനിൽക്കും എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാൽ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നും ശ്രീറാം വാദിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്‍റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നത്. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി ജോബി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.