“ഒന്നിച്ച് നിന്ന് നേരിടാം; സർക്കാർ ഒപ്പമുണ്ട്”; ദുരിതബാധിതർക്ക് ആത്മവിശ്വാസം പകർന്ന് മുഖ്യമന്ത്രി

വയനാട്:  മഴയിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും ഒരുമിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം.

ആദ്യം രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് പുനരധിവാസം ഉറപ്പാക്കും. ദുരന്തത്തെ തുടര്‍ന്ന് സ്ഥലം പോയവരുണ്ട്, സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വീടുകളില്‍ വെള്ളം കയറിയും ചെളികെട്ടിനില്‍ക്കുന്നതുമായ പ്രശ്‌നങ്ങളുമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ നമുക്കൊരുമിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കാണാതായ കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനുള്ള ശ്രമം നടക്കുകയാണ്. എല്ലാത്തരത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനോടൊപ്പം നിന്നുതന്നെ സര്‍ക്കാര്‍ നേതൃത്വം കൊടുക്കുക്കും.  എല്ലാ കാര്യങ്ങളും നമുക്കൊന്നിച്ചു നിന്നുകൊണ്ട് നേരിടാമെന്നും എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും ദുരിതബാധിതർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.

മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയിരുന്നു. ക്യാംപിൽ സന്ദർശനത്തിന് ശേഷം വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും