തെക്കൽ ജില്ലകളിൽ രണ്ടുദിവസം കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് നെയ്യാർ ഡാം തുറന്നു. നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ കുടുതൽ ഉയർത്തി. മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും രണ്ടുദിവസം പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 11 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് മഴ കുറയുന്നുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോടും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പതിനൊന്ന് ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്.

കാസർകോട് രാവിലെ വീണ്ടും മഴ ശക്തമാകുകയാണ്. വയനാട്ടിൽ മഴ തീരെ കുറയുകയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി 15.27 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. കോഴിക്കോട്ട് ജില്ലയിലും മഴ കുറ‍ഞ്ഞു. പാലക്കാട് ഇന്ന് പുലർച്ചെ മുതൽ മഴ വിട്ടു നിൽക്കുകയാണ്.

എന്നാൽ പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതൽ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.