മുഖ്യമന്ത്രി ഇന്ന് ദുരന്തമേഖലയിലേക്ക്; ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കളക്ടർമാർക്ക് നിർദേശം

തിരുവനന്തപുരം: പ്രകൃതി ദുരന്തം നാശം വിതച്ച വയനാട് മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദര്‍ശിക്കും. റോഡുമാര്‍ഗ്ഗവും ഹെലികോപ്റ്ററിൽ സഞ്ചരിച്ചുമാണ് മുഖ്യമന്ത്രി ദുരന്ത മേഖലകളിൽ എത്തിച്ചേരുക. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുഖ്യമന്ത്രി നേരിട്ടെത്തും. മുഖ്യമന്ത്രി ആദ്യമായാണ് ദുരിതം വിതച്ച പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്തുന്നത്. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും ഏകോപിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 8 മണിക്ക് വിമാനമാര്‍ഗ്ഗം മുഖ്യമന്ത്രി കരിപ്പൂരിൽ ഇറങ്ങും. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം അദ്ദേഹം സുൽത്താൻ ബത്തേരിയിലേക്ക് പോകും. അവിടെ നിന്നും കാറിലൂടെ സഞ്ചരിച്ചാണ് ദുരിതബാധിത മേഖലകളിൽ എത്തുന്നത്. വയനാട് സന്ദർശനത്തിന് ശേഷം അദ്ദേഹം മലപ്പുറത്തെ കവളപ്പാറയിലെത്തും. ഒരു പകൽ സമയത്തെ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് മടങ്ങാനാണ് തീരുമാനം.

അതേസമയം മഴക്കെടുതി സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശുചീകരണം നല്ല തോതില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണമെന്നും പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണമെന്നും ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും പിണറായി നിർദേശിച്ചു. നല്ല തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ പോലുള്ള സാധനങ്ങള്‍ എത്തിക്കണം. പഞ്ചായത്തുകളിലും വാര്‍ഡുകളിലും ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശമായി നല്‍കിയിട്ടുണ്ട്. ജില്ലകളിലെ പ്രശ്‌നങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ വേണമെന്നും വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും താമസിക്കാനായി കൂട്ടായ സ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.