ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു; ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകനെ കാറിടിച്ച് കെലപ്പെടുത്തിയ സംഭവത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ നാലു ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും ശ്രീറാമിനെ മാറ്റിയിരുന്നു. വൈകുന്നേരം 5:30-ഓടെ അദ്ദേഹം ആശുപത്രി വിട്ടു.

അതേസമയം ശ്രീറാമിന് ജാമ്യം അനുവദിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-3-ന്റെ വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വാഹനമോടിച്ചത് മദ്യപിച്ചല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസിൻ്റെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ശ്രീറാം കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണ് ജാമ്യം റദ്ദാക്കുന്നതെന്നും ശ്രീറാം ഹൈക്കോടതിയില്‍ വാദിച്ചു.

എന്നാൽ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലിരിക്കെ ശ്രീറാമിന് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചത്. ഇത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ചോദ്യം ചെയ്യണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. അതിനാൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികൾ റദ്ദാക്കണമെന്നും തെളിവ് നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂര്‍വ്വം ശ്രമിച്ചെന്നും രക്തപരിശോധന ഒഴിവാക്കാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്നും സര്‍ക്കാര്‍ നൽകിയ ഹർജിയിൽ പറയുന്നു.