കശ്മീരിനെ തേടി വൻ വ്യവസായ സംരംഭങ്ങൾ വരുന്നു; ആദ്യ പ്രഖ്യാപനവുമായി മുകേഷ് അംബാനി

മുംബൈ: പുന:സംഘടനയ്ക്ക് ശേഷമുള്ള കശ്മീരിൽ വൻ വ്യവസായങ്ങൾ ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കിന് പിന്നാലെ പുതിയ സംരംഭ പ്രഖ്യാപനവുമായി മുകേഷ് അംബാനി രംഗത്ത്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‍മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്. മുബൈയില്‍ റിലയന്‍സിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ജനഹിതം അറിഞ്ഞുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസ് ഗ്രൂപ്പ് കശ്‍മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ജമ്മു കശ്‍മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ചില വ്യവസായികൾ സംസ്ഥാനത്ത് ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സന്നദ്ധത അറിയിച്ചതായി പറഞ്ഞിരുന്നു. ജമ്മു കശ്‍മീര്‍ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തൽ.

കമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം കുറിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ‘ജിയോ ജിഗാ ഫൈബര്‍’ സംവിധാനം സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി തുടങ്ങുമെന്ന് റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ബ്രോഡ്ബാന്‍ഡ് ഡാറ്റ, ലാന്‍ഡ് ഫോണ്‍, എച്ച്.ഡി കേബിള്‍ കണക്ഷന്‍ എന്നിവ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനമാണ് റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍.

റിലയന്‍സ് പെട്രോളിയത്തില്‍ സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ ആരാംകോയുടെ നിക്ഷേപം സ്വീകരിക്കുമെന്നും അനുയോജ്യമായ മറ്റ് ലോക ബിസിനസ് സംരംഭങ്ങളുമായി കൈകോർക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. കരാർ അനുസരിച്ച് റിലയൻസ്  ഇൻഡസ്ട്രീസ് ഓയിൽ കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറും. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോ കെമിക്കൽ ബിസിനസിൽ മാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസ് റിഫൈനറിക്ക് നല്കും.