അതിർത്തിയിൽ പാക് പ്രകോപനം; പോർ വിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ട്

ഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍. ഇന്ത്യ-പാക് അതിർത്തി പങ്കിടുന്ന ലഡാക്കിനു സമീപത്തായി പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിക്ക് സമീപത്ത് വിന്യസിച്ചതെന്നാണ് വിവരം. ഇന്ത്യ ജമ്മു കാഷ്മീർ പുനസംഘടനാ ബിൽ പാസാക്കിയതും സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. അതിർത്തിയിൽ പാക് പ്രകോപനം സാധാരണമാണെങ്കിലും കശ്മീരിൽ ഇന്ത്യ നടത്തിയ പുതിയ നീക്കമാണ് നിലവിലെ സ്ഥിഗതികൾ വഷളാക്കിയത്.

മൂന്ന് സി-130 ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സ്‌കര്‍ഡു എയര്‍ബേയ്‌സിലേക്ക് യുദ്ധോപകരണങ്ങള്‍ എത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളാണ് എയര്‍ബേയ്‌സില്‍ എത്തിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിര്‍ത്തിയിൽ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ഇതിനിടയിൽ ഇ​ന്ത്യ​-പാ​ക് അതിർത്തികളെ ബ​ന്ധി​പ്പി​ക്കു​ന്ന സം​ഝോ​ത എ​ക്സ്പ്ര​സ് ട്രെ​യി​ൻ സർവീസ് ഇ​ന്ത്യ​യും കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കി. കാശ്മീർ പുന:സംഘടനയ്ക്ക് പിന്നാലെ പ്രതിഷേധ സൂചകമായി പാകിസ്ഥാൻ സം​ഝോ​ത എ​ക്സ്പ്ര​സ് നിർത്താലാക്കിയിരുന്നു. ഡ​ൽ​ഹി​യി​ൽ ​നിന്ന് പുറപ്പെടുന്ന ട്രയിൻ അ​തി​ര്‍​ത്തി​ പ്രദേശമായ അ​ട്ടാ​രി വ​രെ​യാ​ണ് ഇ​ന്ത്യയുടെ സ​ര്‍​വീ​സ്. തു​ട​ര്‍​ന്ന് അ​വി​ടെ നി​ന്നും പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ട്രെ​യി​നി​ല്‍ ക​യ​റിയാണ് യാ​ത്ര​ക്കാ​ര്‍ സഞ്ചരിക്കുന്നത്. ലാ​ഹോ​ര്‍ വ​രെയാണ് സം​ഝോ​ത എ​ക്സ്പ്ര​സ് ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ചില കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. ജമ്മുകശ്മീര്‍ പുന:സംഘടനാ തീരുമാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നിലനിന്നിരുന്ന കർഫ്യൂവിൽ ഈദിനു മുന്നോടിയായാണ് ഇളവു നല്‍കിയിരുന്നത്. എന്നാൽ പലയിടത്തും പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് കർഫ്യൂ പിൻവലിക്കുകയായിരുന്നു.