ദുരന്ത ഭൂമിയിലേക്ക് അനന്തപുരിയുടെ സഹായ പ്രവാഹം; കളക്ഷൻ സെന്ററുകളിൽ മികച്ച പ്രതികരണം

തിരുവനന്തപുരം: അതിരൂക്ഷമായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങൾ എത്തിക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ പൊതുജനങ്ങളുടെ മികച്ച പ്രതികരണം. ആദ്യ ദിനം സഹായവുമായി നിരവധി പേരാണ് ഇവിടേക്കെത്തിയത്. ദുരിതബാധിത ജില്ലകൾക്ക് അവശ്യമായ വസ്തുക്കൾ നിർദേശമനുസരിച്ച് ഇവിടെനിന്നും കയറ്റിഅയക്കും. ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കളക്ഷൻ കേന്ദ്രം സന്ദർശിച്ച് വേണ്ട നിർദേശം നൽകി. ആവശ്യമുള്ള സാധനങ്ങൾ ഇവിടേക്കെത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും അഭ്യർഥിച്ചു.

സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രളയത്തെ നേരിടാൻ സർക്കാർ കൈക്കൊണ്ട നടപടികൾ മാതൃകാപരമാണെന്നും കളക്ഷൻ സെന്റർ സന്ദർശിച്ച് ശശി തരൂർ എം.പി പറഞ്ഞു. അപകടം സംഭവിച്ച കൂടപ്പിറപ്പുകൾക്ക് കൂടുതൽ സഹായം എത്തിക്കാൻ വ്യക്തികളും സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ഷൻ സെന്ററിന്റെ ഏകോപനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. വോളണ്ടിയർമാരായി വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും രംഗത്തുണ്ട്. കുടിവെള്ളം, ഡ്രൈ ഫുഡ്‌സ്, കുട്ടികൾക്കുള്ള ആഹാരം, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിംഗ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയവയാണ് കളക്ഷൻ കേന്ദ്രത്തിലേക്ക് ആവശ്യമുള്ളത്. സൻമനസുള്ളവർക്ക് മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കാം.

മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് തുരുവനന്തപുരം കോർപ്പറേഷനും

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി അഞ്ച് ലോഡ് അവശ്യ സാധനങ്ങൾ ഇതിനോടകം കയറ്റി അയച്ചു. കോർപ്പറേഷൻ ഓഫീസിലും വഴുതക്കാട് വിമൻസ് കോളേജിലുമായി രണ്ട് കളക്ഷൻ സെന്റുകളിലാണ് കോർപ്പറേഷൻ അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. കോർപ്പറേഷൻ ഓഫീസിലെ കളക്ഷൻ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇവിടെ സുസജ്ജമാണ്.

യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിലും കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. പ്രളയ ദുരിതാശ്വാസ സഹായം ഇവിടേക്കുമെത്തിക്കാം. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് അവശ്യം വേണ്ട സാധനങ്ങൾ. നിലവിൽ ശേഖരിച്ച വസ്തുക്കളുമായി തിങ്കളാഴ്ച രാവിലെ മലപ്പുറത്തേക്ക് ആദ്യ ലോഡ് പുറപ്പെടും.

പത്ത്‌ ലോഡ് അവശ്യ സാധനങ്ങൾ കൈമാറി ഡിവൈഎഫ്ഐ

പ്രളയം ദുരിതം വിതച്ച സ്ഥലങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള സംരംഭത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനം സംസ്ഥാനത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശേഖരിച്ച പത്ത് ലോഡ് അവശ്യ സാധനങ്ങൾ തിരുവനന്തപുരം നഗരസഭയിലെ കളക്ഷൻ സെന്ററിന് കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം മേയർ വി.കെ പ്രശാന്തിനാണ് കൈമാറിയത്. ഇന്നലെയും ഇന്നുമായി ജില്ലയിലെ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിൽ ആരംഭിച്ച കളക്ഷൻ സെന്ററുകൾ വഴിയാണ് അവശ്യ സാധനങ്ങൾ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ശേഖരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്, പ്രസിഡന്റ് വി. വിനീത്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭയിലേയ്ക്ക് അവശ്യ സാധനങ്ങൾ വാഹനങ്ങളിൽ എത്തിച്ചത്. മേഖലാ ബ്ലോക്ക് കേന്ദ്രങ്ങളിലെ കളക്ഷൻ സെന്ററുകൾ ഇനിയും തുടരും. കൂടുതൽ ജില്ലകളിൽ നിന്നും തുടർന്നുള്ള ദിവസങ്ങളിലും അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

    അനന്തപുരിയിലെ മാധ്യമ പ്രവർത്തകരും കൈത്താങ്ങുമായി രംഗത്ത്  തലസ്ഥാനത്തെ ഒരുകൂട്ടം മാധ്യമ പ്രവർത്തകരും പ്രളയ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാന്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ചു. ഇന്ന് ‍ ഉച്ചകഴിഞ്ഞു 3 വരെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ താഴത്തെ ഹാളിലായിരുന്നു കളക്ഷന്‍ സെന്റർ പ്രവർത്തിച്ചിരുന്നത്. സ്ത്രീകള്‍ക്കും പരുഷന്മാര്‍ക്കും കുട്ടികൾക്കും വേണ്ട അടിവസ്ത്രങ്ങള്‍, മാക്‌സി, പാവാട, നാപ്കിന്‍ കുട്ടികള്‍ക്കുള്ള ചെറിയ ഗൗണ്‍, പുരുഷന്മാര്‍ക്കുള്ള മുണ്ട്, ആറ് വയസ്, ഒരുവയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള ലാക്ടൊജന്‍, പുതപ്പ്, തോര്‍ത്ത്, മെഴുകുതിരി, ബേസിക് ഫുഡ്, കുടിവെള്ളം എന്നിവയാണ് പ്രധാനമായും ഇവിടെ ശേഖരിച്ചത്. ഇവ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഉടൻ കൈമാറും.

ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്‍റയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടേയും നേതൃത്വത്തിൽ കളക്ഷന്‍ സെന്‍ററുകള്‍ തുറന്ന് പ്രളയ ബാധിത പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളെത്തിക്കും. ഇതിൻ്റെ ഭാഗമായി പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. മധു പറഞ്ഞു.

ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ രാവിലെ ഒമ്പതു മുതൽ വൈകിട്ട് എട്ടു വരെ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്‍ററില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഡ്രൈഫ്രൂട്സ്, കുട്ടികള്‍ക്കുള്ള ആഹാര പദാര്‍ത്ഥങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, സോപ്പ്‌, ക്ലീനിംഗ് മെറ്റീരിയല്‍സ്, കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍ മുതലായവ സ്വീകരിക്കും. ദുരിതബാധിതരെ സഹായിക്കാൻ അകമഴിഞ്ഞുള്ള സഹായങ്ങളെത്തിക്കാൻ എല്ലാ മനുഷ്യ സ്നേഹികളും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഭ്യർഥിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ സമാഹരിക്കുന്ന സാധനങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മുഖേന ജില്ലാ പഞ്ചായത്തില്‍ എത്തിക്കുന്നതും അവിടെ നിന്ന് ദുരന്തബാധിത ജില്ലകളിലെ ദുരിതാശ്വസ ക്യാമ്പുകളിൽ വിതരണത്തിനായി എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാദേശികതലത്തില്‍ സാധനങ്ങള്‍ ശേഖരിക്കുവാനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പ്രസിഡന്‍റമാരുടെയും സെക്രട്ടറിമാരുടെയും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്തയോഗം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.