തേക്കടി ഹോം സ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ

കട്ടപന: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയിലാണ് തൂങ്ങിമരിച്ച നിലയിൽ മൂന്ന് മൃതദേഹങ്ങൾ  കണ്ടെത്തിയത്. കൊല്ലം സ്വദേശികളായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരുടെതാണ് മൃതദേഹങ്ങളെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ബാധ്യത കാരണം മൂവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒരു മാസമായി ഇവർ ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന് ഹോം സ്റ്റേ അധികൃതർ പോലീസിനോട് പറഞ്ഞു. ഈ പ്രദേശത്ത് വീട് വാങ്ങി താമസിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നും അതിനാണ്  മുറിയെടുക്കുന്നതെന്നുമാണ് കുടുംബം ഹോം സ്റ്റേ ജീവനക്കാരോട് പറഞ്ഞത്. ഹോം സ്റ്റേ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികളെല്ലാം പൂർത്തിയാക്കി. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.