ചൈനയിൽ നാശം വിതച്ച് ലെക്കിമ ചുഴലിക്കാറ്റ്; 28 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയില്‍ കഴിഞ്ഞ മണിക്കൂറുകളിൽ വീശിയടിച്ച ‘ലെകിമ’ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് മരണസംഖ്യ 28 ആയി ഉയർന്നു. പത്ത് ലക്ഷത്തോളം പേരാണ് ഇപ്പോൾ ദുരിതാശ്വോസ ക്യാമ്പുകളിൽ കഴിയുന്നത്. സെജിയാംഗ് പ്രവിശ്യയില്‍ ‘ലെകിമ’  വൻ തോതിൽ നാശം വിതച്ചതായി അധികൃതർ വ്യക്തമാക്കി. കാറ്റിനോടൊപ്പം പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. നിരവധിപേരെ കണ്ടെത്താനുണ്ടെന്നും 10 ലക്ഷത്തോളം ആൾക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഔദ്യോഗിക മാധ്യമമായ ‘സിന്‍ഹുവ’ റിപ്പോര്‍ട്ട് ചെയ്തു.

നൂറുകണക്കിന് പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു.  കടലാക്രമണവും ശക്തമാണ്. ശക്തമായ തിരമാലയിൽ തീരപ്രദേശത്തെ നിരവധി വിടുകൾ തകർന്നതായും കൂടുതൽ കെട്ടിടങ്ങള്‍ അപകട ഭീഷണിയിലാണെന്നും ‘സിന്‍ഹുവ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാറ്റിന്റെ ശക്തി കുറഞ്ഞതായി ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നു.