നോബല്‍ സമ്മാന ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 1931-ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ‘ബിലൌവ്ഡ്’ എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍. ‘ബിലൌവ്ഡ്’ എന്ന നോവലിന് 1988-ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012-ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം’ പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998-ല്‍ ‘ബിലൌവ്ഡ്’ അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.