ദുബായ് ഡൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടിയുടെ ഒന്നാം സമ്മാനം ഇന്ത്യക്കാർക്ക്

ദുബായ്: 52 ഇന്ത്യക്കാരെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ഭാഗ്യം. ഇതിൽ റാസൽഖൈമയിലെ 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളർ അതായത് ഏഴ് കോടിയോളം രൂപയാണ് സമ്മാന തുക. ഇവവരെ കൂടാതെ 10 ഇന്ത്യക്കാര്‍ ചേര്‍ന്നു വാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് നറുക്കെടുപ്പ് നടന്നത്.

വർഷങ്ങളായി റാസല്‍ഖൈമയില്‍ താമസിച്ചു വരുന്ന 47 കാരനായ അനു സുധാകറും കൂട്ടരും വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 42 പേർ 25 ദിർഹം സമമായി പിരിച്ചാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്. കണക്കനുസരിച്ച് ഒരാളിന് 17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ലഭിക്കും. സുഹൃത്തുക്കൾ ചേർന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നും എന്നാൽ ഇത്തവണ സമ്മാനം ലഭിച്ചപ്പോള്‍ വിശ്വാസിക്കാൻ കഴിഞ്ഞില്ലെന്നും സുധാകര്‍ പറഞ്ഞു. മറ്റൊരു ഏഴു കോടിയുടെ സമ്മാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ഇതും സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റെടുത്തത്. ജബല്‍ അലിയിലെ ഒരു ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ ഹരിയാണ് ടിക്കറ്റ് എടുത്തത്. 70 ലക്ഷത്തിലധികം രൂപ ഓരോരുത്തർക്കായി ലഭിക്കും.