അനശ്വര ഗാനങ്ങളുടെ അപൂര്‍വാനുഭവം; ‘ശ്യാം മസ്താനി’ സംഗീതവിരുന്നിന് വേദിയൊരുങ്ങുന്നു

കോഴിക്കോട്: ഒരിക്കലും മറക്കാത്ത പാട്ടുകളുമായി അപൂര്‍വായൊരു സംഗീത സായാഹ്നത്തിന് ശ്യാം മസ്താനി- രാഗസന്ധ്യക്ക് അരങ്ങൊരുക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും മഹാപ്രതിഭകളുടെ നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ശ്യാം മസ്താനിക്ക് സെപ്തംബര്‍ 14 ശനിയാഴ്ച വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വേദിയുണരും. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ആര്‍.ഡി. ബര്‍മ്മന്‍, ഒ.പി. നയ്യാര്‍ തുടങ്ങിയ അനശ്വര സംഗീതകാരന്മാരുടെ പ്രശസ്ത ഗാനങ്ങള്‍ അതേ തനിമയോടെ വേദിയില്‍ പുനരാവിഷ്‌കരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എ.ആര്‍. റഹ്മാന്റെ ജയ്‌ഹോ- ലോക സംഗീത പര്യടന സംഘത്തില്‍ അംഗവുമായ മുംബയ് മുഹമ്മദ് അസ്‌ളം ആണ്. ഈ ഗാനങ്ങള്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രശസ്ത കൊറിയാഗ്രാഫര്‍ സുനീത റാവുവിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തപരിപാടി ശ്യാം മസ്താനിയുടെ വേദിയെ അപൂര്‍വാനുഭവമാക്കും.

വൃക്കരോഗികളുടെ ക്ഷേമത്തിനും വൃക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം നല്‍കിയ പോര്‍ഫ (പ്രതീക്ഷ ഓര്‍ഗന്‍ റെസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍) എന്ന ജീവകാരുണ്യ സംഘടനയുടെ ഓദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ശ്യാം മസ്താനി സംഗീത- നൃത്തവിരുന്ന് ഒരുക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടക്കും.

വൃക്കരോഗ ബോധവത്കരണം, ട്രാന്‍സ്പ്‌ളാന്റ് ഒഴിവാക്കുന്നതിനായി നേരത്തേയുള്ള വിദഗ്ദ്ധ ചികിത്സ, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, കൗണ്‍സലിംഗ്, സൗജന്യ മരുന്നു വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്ന് പോര്‍ഫ പ്രസിഡന്റ് ടി.ടി. ബഷീര്‍, ജനറല്‍ സെക്രട്ടറി എം.എസ്. ഷിബു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിശദ വിവരങ്ങള്‍ക്ക് 97461 14444 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.