‘പട്ടാഭിരാമൻ’ ആഗസ്റ്റ് 15-ന്; ജയറാം പ്രധാന വേഷത്തിൽ

ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘പട്ടാഭിരാമൻ’ ആഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യും. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന പട്ടാഭിരാമനിൽ
മിയാ ജോര്‍ജും, ഷീലു ഏബ്രഹാമും ആണ് നായികമാര്‍. അബാം മൂവിസിന്റ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് കണ്ണൻ താമരക്കുളം ആണ്. ജയറാമിന്റെ അഭിനയ സാദ്ധ്യതകൾക്ക് പ്രാധാന്യം നല്‍കിയാണ് കണ്ണന്‍ താമരക്കുളം പട്ടാഭിരാമന്‍ അവതരിപ്പിക്കുന്നത്. ബൈജു, സന്തോഷ്, സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയ പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പല താരങ്ങളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന കര്‍ക്കശക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ശുദ്ധ ബ്രാഹ്മണനായ പട്ടാഭിരാമനെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വത്സന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ബൈജു സന്തോഷാണ് കൈകാര്യം ചെയ്യുന്നത്. സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, നന്ദു, ഇ.എ രാജേന്ദ്രന്‍, കലാഭവന്‍ പ്രചോദ്, തെസ്നി ഖാന്‍, ബാലാജി, സതി പ്രേംജി, മായാ വിശ്വനാഥ്, ഭദ്രാവെങ്കിടേഷ്, പ്രിയാ മേനോന്‍ എന്നിവരും പട്ടാഭി രാമനിലെ പ്രധാന താരങ്ങളാണ്. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണന്‍ താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. കൈതപ്രവും മുരുകന്‍ കാട്ടാക്കടയും ഒരുക്കിയ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നത്.