പി.എസ്.സി പരീക്ഷ ക്രമക്കേട്; സി.ബി.ഐ അന്വേഷണത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തൽ ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ അടിയന്തിരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ ശരിയാണെന്ന് തെളിഞ്ഞതായും പി.എസ്.സി-യുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ന്നതായും ചെന്നിത്തല ആരോപിച്ചു.

പി.എസ്.സി അംഗങ്ങളും ഉദ്യോഗസ്ഥരും അട്ടിമറിക്ക് കൂട്ടുനിന്നതായി തെളിഞ്ഞ സാഹചര്യത്തിൽ പി.എസ്.സി നടത്തിയ മറ്റു പരീക്ഷകളിലും ക്രമക്കേട് നടന്നോയെന്ന് പരിശോധിക്കണം. മാത്രമല്ല പി.എസ്.സി ചെയര്‍മാന്റെ പങ്ക് അന്വേഷിക്കണമെന്നും സർക്കാർ നിയന്ത്രിക്കുന്ന പോലീസ് അന്വേഷിച്ചാൽ ഗൂഢാലോചന തെളിയാന്‍ പോകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതുകൊണ്ടാണ് പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് പി.എസ്.സി നീക്കം ചെയ്തു. പ്രതികളായ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്ക് നേടിയ പ്രണവ്, 28-ാം റാങ്ക് നേടിയ നസീം എന്നിവരെയാണ് റാങ്ക്‌ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. ഈ മൂന്ന് പേരേയും സ്ഥിരമായി പി.എസ്.സി പരീക്ഷകളില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പി.എസ്.സി ശിപാർശ ചെയ്തിട്ടുണ്ട്.

പരീക്ഷാ സമയത്ത് 90-ഓളം മെസേജുകള്‍ പ്രതികളുടെ മൊബൈലുകളിൽ വന്നതായും പ്രതികള്‍ക്ക് എസ്.എം.എസ് വഴി ഉത്തരങ്ങള്‍ ലഭിച്ചേക്കാമെന്നുമാണ് വിലയിരുത്തൽ. പ്രണവിന്റെ സുഹൃത്തിൻറെ ഫോണിൽ നിന്നും ഗ്രൂപ്പ് മെസേജുകളായിട്ടാണ് ഉത്തരങ്ങൾ പോയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഉത്തരങ്ങൾ അയച്ച സുഹൃത്തിന് ചോദ്യങ്ങളെങ്ങനെ കിട്ടി എന്നതിൽ ദുരൂഹത തുടരുകയാണ്. യൂണിവേഴ്സിറ്റി കോളേജിലടക്കം പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിരിക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. സൈബ‍ർസെൽ പരിശോധനയിലാണ് മൊബൈൽ വഴി പ്രതികൾക്ക് ഉത്തരങ്ങൾ ലഭിച്ചേക്കാമെന്ന സൂചന ലഭിച്ചത്.

അതേസമയം കേരള യൂണിവേഴ്സിറ്റി പരീക്ഷകളുടെ ഉത്തരക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്തിനെ കൂടാതെ യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്.എസ്.ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ നസീമിനെയും പ്രണവിനെയും പ്രതി ചേർക്കും. അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.

എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രവർത്തിച്ചിരുന്ന മുറിയിൽ നിന്നും കണ്ടെത്തിയ കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ പ്രിൻസിപ്പൽ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയതായി പ്രതി ശിവരഞ്ജിത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജിലെത്തിച്ച് ഇറക്കി വച്ചപ്പോഴാണ് കടത്തിയതെന്നാണ് ശിവരഞ്ജിത് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.