പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് 

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്‍മദ് അല്‍ റാജ്‍ഹിയുടെ പ്രഖ്യാപനം. സ്‍പെഷ്യലിസ്റ്റ് തസ്തികകളിലും ഉന്നത തസ്തികകളിലും  കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സൗദി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള പിഴകള്‍ക്ക് പകരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന പുതിയ പദ്ധതിയാണ് സ്വദേശിവത്കരണത്തിനായി ആദ്യം മുന്നോട്ട് വയ്ക്കുന്നത്. വിവിധ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പിഴയൊടുക്കാതെ പരിഹാരം കാണാനാകുമെന്നതിനാല്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറായേക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. എന്നാല്‍  ആനുകൂല്ല്യം കിട്ടാന്‍ ഉപാധികളുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയോ അതിന് മുകളിലോ ആയിരിക്കണം, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്ന സ്ഥാപനമാകണം, പിഴകള്‍ക്കെതിരെ പരാതികള്‍ നല്‍കാത്ത സ്ഥാപനമായിരിക്കുക, പിഴകള്‍ പരിഹരിക്കാനായി അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള സ്ഥാപനത്തിലെ സ്വദേശികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ കുറവാകാതിരിക്കുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍.

വിദ്യാഭ്യാസവും കഴിവും ശേഷിയുമുള്ളവരാണ് സൗദിയിലെ യുവതീ യുവാക്കള്‍. അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി ഉന്നത തസ്തികകളും സ്‍പെഷ്യലിസ്റ്റ് തസ്തികകളും സ്വദേശികളില്‍ എത്തിക്കാനാണ് ശ്രമം.