മലിംഗയ്ക്ക് ഇന്ന് വിടവാങ്ങൽ മത്സരം; ജയത്തോടെ യാത്രയയപ്പ് നൽകാൻ ലങ്ക

കൊളംബോ: ലോകക്രിക്കറ്റിലെ പ്രസിദ്ധനായ ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ ഇന്ന് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഔദ്യോഗിക ഏകദിനത്തിനിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളി. പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ മലിംഗക്ക് വിടവാങ്ങല്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലങ്കന്‍ നായകന്‍ കരുണരത്നെ പറഞ്ഞു. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം.

”ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് കഴിഞ്ഞാൽ ഞങ്ങളുടെ സൂപ്പര്‍താരത്തിന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ച വിജയമായിരിക്കും. അദ്ദേഹത്തിന് മികച്ചൊരു വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ശ്രമിക്കുമെന്നും കരുണരത്നെ കൂട്ടിച്ചേര്‍ത്തു.

വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൌളര്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ 219 ഇന്നിങ്സുകളില്‍ നിന്നായി 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ശ്രീലങ്കക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഈ വലംകയ്യന്‍ ബൌളര്‍. ഇന്നത്തെ കളിയിൽ മൂന്ന്‌ വിക്കറ്റ്‌ നേടിയാൽ മുൻ ഇന്ത്യൻ സ്‌പിന്നർ അനിൽ കുംബ്ലെയെ മറികടക്കാനാകും മലിംഗയ്‌ക്ക്‌.