കാര്‍ഗില്‍ വിജയ ദിനത്തില്‍ സൈനികര്‍ക്ക് ആദരവ് അർപ്പിച്ച് പാങ്ങോട് സൈനിക കേന്ദ്രം

തിരുവനന്തപുരം: കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷിക ദിനം  ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്രം. കാര്‍ഗില്‍ യുദ്ധത്തില്‍  വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മകളില്‍ രാവിലെ എട്ട് മണിക്ക് പാങ്ങോട് യുദ്ധസ്മാരകത്തില്‍ സൈന്യം ആദരവ് അര്‍പ്പിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ ബി സുരേഷ് മുഖ്യാഥിതിയായിരുന്നു. അദ്ദേഹം ചടങ്ങിന് നേതൃത്വം വഹിച്ചു. ബ്രിഗേഡിയര്‍ സി ജി അരുണ്‍  പങ്കെടുത്ത് രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ചു.

ഇരുപതാം വാര്‍ഷിക ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 28ന് കുട്ടികള്‍ക്കായി സിനിമാ പ്രദര്‍ശനം നടക്കും. കാര്‍ഗില്‍  യുദ്ധവിജയ സ്മരണ ഉണര്‍ത്തുന്ന ‘ലക്ഷ്യ’ എന്ന സിനിമയാണ്  കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുക. 30 ന് വ്യോമസേനയുടെ വ്യോമ പ്രകടനവും നടക്കും.