വെബ്സീരീസുകൾ ഒന്നിച്ച് കണ്ടുതീര്‍ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

ഇഷ്ടപ്പെട്ട വെബ്‍സീരീസുകള്‍ ഒറ്റയിരുപ്പിൽ കണ്ടുതീർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായ ശാരീരിക/ആരോഗ്യ  പ്രശ്നങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. ദീർഘനേരം ഒരേ പൊസിഷനിൽ ഇരുന്ന് സിനിമകളോ വെബിസിരീസോ കാണുന്നന്നവർക്ക്  ഉറക്കച്ചടവ്, തളര്‍ച്ച, കാഴ്ചത്തകരാറുകള്‍, അമിതവണ്ണം, ഡീപ് വെയിന്‍ ത്രോംബോസിസ് (ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന അവസ്ഥ)  മുതല്‍ ഹൃദയാഘാതം വരെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത അധികമാണെന്നാണ് കണ്ടെത്തൽ.  ഫ്ലോറി‍ഡയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍.

ഒറ്റടയിക്ക് എപ്പിസോഡുകള്‍ കണ്ടുതീർക്കുന്ന രീതിയ്ക്ക് ‘ബിഞ്ച് വാച്ചിങ്’ എന്നാണ് പറയുക. ഉറക്കത്തിനും വ്യായാമത്തിനുമുൾപ്പെടെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ട സമയങ്ങളിൽ തുടർച്ചയായി ഒരേ സ്ഥലത്ത് ഒരേ പൊസിഷനിലിരുന്ന് ഇവ കാണുന്നത് ശശീരത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. മണിക്കൂറുകള്‍ ഒരേ പൊസിഷനില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ബിഞ്ച് വാച്ചേഴ്സിനെ കാത്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇവർക്ക് തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരേക്കാൾ ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത അന്‍പത് ശതമാനത്തോളം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു.

ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് ബിഞ്ച് വാച്ചേഴ്സിനെ ഏറ്റവുമധികം ബാധിക്കുക. എപ്പിസോഡുകൾ കണ്ടുതീർക്കുന്നതിൽ മുഴുകിയിരിക്കുന്നതിനാൽ അത് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് അവർ  അറിയുകയുമില്ല. ഇഷ്ടസീരീസുകൾ കാണാൻ അധികനേരം ചെലവിടുമ്പോൾ  കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവിനെക്കുറിച്ചുപോലും ധാരണയുണ്ടാവാറില്ലെന്നും പഠനം തെളിയിക്കുന്നു. അളവറിയാതെ ഭക്ഷണം ഉള്ളിലേക്കുചെല്ലുന്നത് അമിതവണ്ണത്തിനും അതിലൂടെ മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും. ഒരേ പൊസിഷനില്‍ മണിക്കൂറുകള്‍ ഇരിക്കുന്നതോടെ അസ്ഥികള്‍ക്ക് തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും അധികമാണ്. കൈകാലുകൾ അനക്കാതെ ഒരേ രീതിയിൽ എപ്പിസോഡുകൾ കാണുന്നതിനിടെയിൽ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന അവസ്ഥയിലേക്ക് എത്താമെന്നും പഠനത്തിൽ പറയുന്നുണ്ട്.

അതിനാൽ ഉറക്കത്തിൻ്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുതെന്നാണ് വിദഗ്ധര്‍ നിർദേശിക്കുന്നത്. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും ഉറങ്ങാന്‍ സമയം കണ്ടെത്തണമെന്നാണ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ഇനി എപ്പിസോഡുകള്‍ ഒന്നിച്ച് കണ്ടേമതിയാകൂവെന്നുള്ളവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനോ ഇരിക്കുന്ന പൊസിഷനുകളില്‍ മാറ്റം വരുത്താനോ ശ്രമിക്കുന്നത് നല്ലതാണ്. ഇടയ്ക്ക് കണ്ണിന് അൽപ്പം വിശ്രമം നൽകിയും വ്യായാമം ചെയ്ത ശേഷവും എപ്പിസോഡുകൾ കാണാം.