കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ഒ.പി തുടങ്ങുന്നതിനുമായാണ് ഇത്രയേറെ തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രൊഫസര്‍ (പ്രസൂതിതന്ത്ര), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (പീഡിയാട്രിക്‌സ്) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (റേഡിയോളജി), ആര്‍.എം.ഒ. (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്‌തേഷ്യ) എന്നിവയില്‍ ഓരോ തസ്തികയും 4 സ്റ്റാഫ് നഴ്‌സ് (അലോപ്പതി), 3 നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദ), 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (അലോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദ), തീയറ്റര്‍ അസിസ്റ്റന്റ് എന്നിവയില്‍ ഓരോ തസ്തികകളും 3 നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചത്. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, സ്‌ട്രെച്ചര്‍ കാരിയര്‍, വാച്ചര്‍, അറ്റന്റര്‍, റെക്കോഡ് കീപ്പര്‍, ധോബി, കാഷ്വല്‍ സാനിട്ടേഷന്‍ വര്‍ക്കര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ താത്ക്കാലിക തസ്തികകളും സൃഷ്ടിച്ചു.

ഉത്തര മലബാറില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് വേണ്ടി ആയുര്‍വേദ വിഭാഗത്തില്‍ ആരംഭിക്കുന്ന ഏറ്റവും വലിയ ചികിത്സാ വിഭാഗമായിരിക്കുമിതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി അനുവദിക്കുക എന്ന ആവശ്യം വളരെ നാളായി നിലനില്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിബന്ധന പ്രകാരം ആയുര്‍വേദ യു.ജി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നതിന് ഇതോടെ കൂടുതല്‍ സൗകര്യവും ലഭിക്കും.