‘പൂവാർ’ വിളിക്കുന്നു..വിനോദ സഞ്ചാരികളെ ഇതിലേ..ഇതിലേ..

NRI DESK: ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ തെക്കേ അറ്റത്ത്  തിരുവനന്തപുരം ജില്ലയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വർണ്ണ-വിസ്മയ കാഴ്ചകൾ ആവോളമുള്ള തീരദേശ ഗ്രാമമാണ് പൂവാര്‍. പ്രകൃതിയുടെ വരദാനം സുലഭമായി ലഭിച്ച ലോകപ്രശസ്തമായ വിഴിഞ്ഞം തുറമുഖത്തിന്റെയും വിദേശികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന കോവളത്ത് നിന്നും വിളിപ്പാടകലെയാണ് പൂവ്വാർ ദേശം. കേരളത്തിന്റെ തെക്കേ മുനമ്പ് എന്ന് പൂവാറിനെ വിശേഷിപ്പിക്കാം. തെക്കേ അറ്റത്ത് കേരളവും തമിഴ്നാടും അതിർത്തി പങ്കുവയ്ക്കുന്ന പാറശാലയും കളിയിക്കാവിളയും പൂവാറിനോട് ചേർന്ന് നിൽക്കുന്നു. നെയ്യാര്‍നദി കടലില്‍ ചെന്ന് പതിക്കുന്ന ഭാഗത്താണ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി പൂവാര്‍ വിനോദ സഞ്ചാരികളെ മാടി വിളിക്കുന്നത്..

വൻ വ്യാപാര മേഖലയായി പേര് കേട്ടിരുന്ന സ്ഥലമാണ് പൂവ്വാർ. പണ്ടുകാലത്ത് അവിടെ തടിവ്യാപാരവും, ചന്ദനവും, ആനക്കൊമ്പുമൊക്കെ യഥേഷ്ടം വിൽപ്പന നടത്തിയിരുന്നതായി ചരിത്രകാരൻമാർ പറയുന്നു. സോളമന്‍ രാജാവിന്റെ ചരക്കുകപ്പലുകള്‍ പൂവാർ തീരത്ത് വന്നു പോയിരുന്നതായും ചരിത്രം പറയുന്നു. ഇന്ത്യയിലെ വളരെ പഴക്കമുള്ള മുസ്ലീം കുടിയേറ്റ പ്രദേശമായും പൂവാര്‍ അറിയപ്പെടുന്നുണ്ട്.1400 വര്‍ഷത്തോളം പഴക്കമുള്ള മുസ്ലീം കുടിയേറ്റ ചരിത്രമാണ് പൂവാറിന് പറയാനുള്ളത്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യകാലത്ത് ഇന്ത്യയിലെത്തിയ മുസ്ലീം പണ്ഡിതർ പണികഴിപ്പിച്ച ആരാധനാലയമായ ‘മാലിക് ഇബന്‍’ പള്ളി ഈ പ്രദേശത്തെ മുഖ്യ ആകർഷണമാണ്. കേരളത്തിന്റെ മറ്റ് തീരപ്രദേശങ്ങളിലേക്ക് മുസ്ലീംങ്ങള്‍ കുടിയേറിയത് പൂവാറില്‍ നിന്നാണെന്ന് പറയപ്പെടുന്നു.

പ്രദേശത്തെ കൂടുതൽ ജനങ്ങളും മൽസ്യബന്ധന മേഖലയുമായി ബന്ധപ്പട്ടാണ് ഉപജീവനമാർഗ്ഗം തേടുന്നത്. സാധാരണക്കാരുടെ പ്രധാന വരുമാനവും അതുതന്നെയാണ്. എന്നാൽ ശാന്തവും മനോഹരവുമായ തീരപ്രദേശമുള്ള ഒരു സ്ഥലമായതിനാൽ പല വ്യവസായികളുടേയും ശ്രദ്ധ ഈ അടുത്തകാലത്ത് പൂവാറിൽ പതിഞ്ഞു. അങ്ങനെയാണ് റിസോർട്ട് വ്യവസായം പൂവാറിന്റെ ജാതകം മാറ്റി മറിച്ചത്. റിസോർട്ട് വ്യവസായം ഓരോ ദിവസവും തഴച്ചു വളരുകയാണ്. വാരാന്ത്യ അവധി ആഘോഷിക്കാനുള്ള പറുദീസയായി ഈ അടുത്ത കാലത്ത് പൂവാർ മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ടെക്നോപാർക്ക് പോലുള്ള ഐ.ടി മേഖലയിലുള്ളവരുടെ സ്ഥിരം അവധിയാഘോഷ ഇടമാണ് പൂവാർ. കോവളം പോലെതന്നെ വിദേശികളുടേയും പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലയായി പൂവാർ മാറിയിട്ടുണ്ട്. വിശാലമായ കടൽക്കരയാലും കായലുകളാലും സമ്പന്നമായ പ്രദേശമായതു കൊണ്ട് സഞ്ചാരികളെ പൂവാറിന്റെ പ്രകൃതി കൂടുതൽ ആകർഷിക്കും.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹരമായ റിസോര്‍ട്ടുകളാണ് പൂവാറിനെ ശ്രധേയമാക്കുന്നത്. കായലിനോടും കടലിനോട് ചേർന്നുമാണ് പല റിസോർട്ടുകളും നിലകൊള്ളുന്നത്. റിസോർട്ടിൽ താമസിക്കുമ്പോൾ തന്നെ കടലിൽ നീന്തിത്തുടിക്കാനും കടൽക്കരയിൽ കളിച്ച് മറിയാനും കഴിയുന്ന ഇണക്കമുള്ള പ്രകൃതിയാണ് പൂവാറിന്റെ പ്രത്യേകത. വഞ്ചിയാത്രകളും ബോട്ട് യാത്രകളും റിസോർട്ട് അധികൃതർ വിനോദസഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. ആയൂർവേദ ടൂറിസത്തിന് പേര് കേട്ട സ്ഥലം എന്ന പ്രത്യേകതയും പൂവാറിനുണ്ട്. ആഢംബര റിസോർട്ടുകളേയും ആയൂർവേദ റിസോർട്ടുകൾ എന്ന ഓമനപ്പേരിലാണ് വിശേഷിപ്പിക്കുന്നത്. പൂവാറിലെ ആയൂർവേദ മസാജ് കേന്ദ്രങ്ങൾ ലോകപ്രശസ്തമാണ്. ഇവിടുത്തെ മറ്റൊരു ആകർഷണം ആഡംബരത്തിന്റെ മറുവാക്കായ ഹൗസ്ബോട്ടുകളാണ്. അഭിരുചിക്കൊത്ത സൗകര്യങ്ങളുള്ള ചെറുതും വലുതുമായ ഹൗസ്ബോട്ട് യാത്ര ഏവർക്കും ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങൾ സമ്മാനിക്കും. വിവാഹാനന്തര ഹണിമൂൺ ആഘോഷിക്കാൻ എത്തുന്നവരുടെ മുഖ്യ ആകർഷണമാണ് ഹൗസ്ബോട്ടിലെ സഞ്ചാരവും ഒരു പകലോ രാത്രിയിലോ ഉള്ള താമസവും..

തലസ്ഥാന നഗരിയിൽ നിന്നും കഷ്ടിച്ച് 33 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ പൂവാറിലെത്താൻ. കേവലം 45 മിനിട്ടുകൾ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് റോഡ് മാർഗം പൂവാറിലെത്താം. രണ്ട് ഡയറക്ഷനിൽ അതായത് തലസ്ഥാനത്ത് നിന്നും കോവളം-വിഴിഞ്ഞം വഴിയും ബാലരാമപുരം-നെയ്യാറ്റിൻകര വഴിയും പൂവാറിലെത്തിച്ചേരാം. രാവിലെ അഞ്ച് മണി മുതൽ രാത്രി പത്ത് മണിവരെ തിരുവനന്തപുരം തമ്പാനൂരിൽ നിന്നും പൂവാറിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ബസുകളും യഥേഷ്ടം സർവീസ് നടത്തുന്നുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി യാഥാർത്ഥ്യമാകുന്നതോടെ കടലും കായലും പച്ചപ്പും ഇണചേർന്ന് കിടക്കുന്ന പൂവാറിന്റെ ഭാഗ്യ ജാതകവും മാറിമറിയും..