പുതിയ നൂറ് രൂപ നോട്ടുമായി ആര്‍ബിഐ

ന്യൂഡല്‍ഹി:ആധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പുതിയ നൂറ് രൂപ നോട്ട് ആര്‍ ബി ഐ ഉടന്‍ പുറത്തിറങ്ങും. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക.
മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടിന്റെ ഒരു വശത്ത് യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ഉള്‍പ്പെടുത്തും. എടിഎം മെഷിനുകളില്‍ പുതിയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ടു മാസത്തിനുള്ളില്‍ നോട്ട് പുറത്തിറക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.