‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം; ശശി തരൂരിനെതിരെ കേസ്‌

കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും കാണിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി.അടുത്തമാസം 14ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.

ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.ഇങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രതിഭാ പുരസ്കാരം സമ്മാനിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.പരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡ് തരൂരിനെ താക്കീത് ചെയ്തുവെങ്കിലും
കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ശശി തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്