ട്രെയിനിലെ തീവെപ്പ്; തീവ്രവാദബന്ധം പരിശോധിച്ച് എന്‍ഐഎ, ബോഗികളിൽ ആര്‍പിഎഫിൻ്റെ പരിശോധന

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച സംഭവത്തിൽ വിശദമായ വിവിധ സംഘങ്ങളുടെ അന്വേഷണം തുടരുന്നു. ആക്രമണം നടന്ന ബോഗികൾ ആർ പി എഫ് ദക്ഷിണമേഖല ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു

കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണമുണ്ടായ ബോഗികള്‍ ആര്‍പിഎഫ് ദക്ഷിണമേഖല ഐജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവിന്റെ തീയിട്ട ഡിവണ്‍, ഡി ടൂ ബോഗികളാണ് ഐജി ജി എം ഈശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊച്ചിയിലും ബെംഗ്ലൂരിലുള്ള എന്‍ഐഎ സംഘവും കണ്ണൂരിലെത്തി. ഇരു ടീമുകളും ചൊവ്വാഴ്ച ഉച്ചയോടെ ബോഗികള്‍ പരിശോധിച്ചു. ഒരു വ്യക്തിയെ ലക്ഷ്യം വെച്ചുളള ആക്രമണമല്ലാത്തതിനാല്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന കാര്യമാണ് എന്‍ഐഎ പരിശോധിക്കുന്നത്. സംസ്ഥാന പോലിസിലെ ഉന്നതരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഈക്കാര്യം ചര്‍ച്ച നടത്തിയെന്ന റിപ്പോർട്ടുകളുമുണ്ട്.

ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ആര്‍പിഎഫ് ദക്ഷിണ മേഖല ഐജി കണ്ണൂരിലെത്തിയത്. ട്രെയിനിലെ ബോഗികളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം ആര്‍പിഎഫ്, റെയില്‍വെ പോലിസ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

ഏലത്തൂര്‍ സംഭവത്തിന്റെ പശ്ചാലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഐജി ഈശ്വര്‍റാവു മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ സ്‌റ്റേഷനുകളിലുും കംപാര്‍ട്ടുമെന്റുകളിലടക്കം സിസിടിവി ക്യാമറ സ്ഥാപിക്കാനുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്തും. ഏലത്തൂരിലെ സംഭവം ദൗര്‍ബാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേയിലെ ജീവനക്കാരുടെ ക്ഷാമം പ്രധാന വെല്ലുവിളിയാണെന്നും അന്വേഷണ സംഘത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ഐജി ഈശ്വര്‍റാവു പറഞ്ഞു. ഐജിക്കൊപ്പം ആര്‍പിഎഫ് ഡിഎസ്പി അനില്‍ എസ് നായര്‍, അസി. കമ്മിഷണര്‍ എം ചഞ്ച, കേരള റെയില്‍വെ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, എസ്ഐ പി കെ അക്ബര്‍ എന്നിവരുമുണ്ടായിരുന്നു.